Tuesday, September 28, 2010

പഞ്ചനക്ഷത്രങ്ങളിലെ പ്രജാധിപത്യം

കവിത
പഞ്ചനക്ഷത്രങ്ങളിലെ പ്രജാധിപത്യം
അരുതരുതെന്നു
വിലക്കി
വിവേകമതികളുടെ
നീതിബോധം.
ഹിതാഹിതത്തിന്റെ
മാറ്റുരക്കലില്‍
കള്ളനാണയങ്ങളെ
ശിരസ്സേറ്റി പക്ഷേ,
പണപ്പുളപ്പിന്റെ
വേലിയേറ്റങ്ങള്‍
നുണഞ്ഞിറക്കിയ
അരുതായ്മകളുടെ
അന്ധമയക്കങ്ങളില്‍
സ്വത്വമുരിഞ്ഞുപോയവന്റെ
'വിടുത്വം.'
പണിപറ്റിച്ചവന്റെ
പടുത്വമെന്ന്
പിടിമുറുക്കുന്ന പണ-
പ്പണയധ്വനികള്‍!
അങ്ങനെ-
പഞ്ചനക്ഷത്രപ്പടികളില്‍
ഉയരങ്ങളളന്നു.
പ്രജാധിപതികള്‍-
നക്ഷത്രങ്ങളെണ്ണുന്ന
നരകോടികളുടെ
മുതുകെല്ലുകളില്‍
കയറിനിന്ന്.....!!
** ** **
പിന്‍കുറി:
'വിളംബമെന്തേയിത്ര
പതിവതില്ലല്ലോ തീരെ'
അസ്വസ്ഥമായി
സദസ്സ്.....
നേതാവെത്തി
മിമ്പറില്‍ കയറിനിന്നു
യാചിച്ചു:
"ഉണങ്ങിക്കിട്ടിയില്ലെന്‍
പ്രിയരേ, ഉടുവസ്ത്ര-
മതിനാല്‍
മാപ്പ്, മാപ്പ്......''!! മുഹമ്മദ്കുട്ടി ഇരിമ്പിളിയം

1 comment:

Unknown said...

good